• 14 Dec 2018
  • 04: 15 PM
Latest News arrow

എയര്‍ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ മതിലില്‍ ഇടിച്ചു തകര്‍ന്നു

വിമാനത്തില്‍ 130 യാത്രക്കാരുണ്ടായിരുന്നു;എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തൃശിനാപ്പളളി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മതിലില്‍ ഇടിച്ചു തകര്‍ന്നു.  തൃശിനാപ്പള്ളിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാനമാണ് പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലില്‍ ഇടിച്ചത്. 130 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവം. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. 
ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ താഴ്ഭാഗത്തിന് കേടുപാടുണ്ടായി. എന്നാല്‍ ഇത് സര്‍വീസ് നടത്തുന്നതിന് തടസമാകില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് വിമാനം കൂടുതല്‍ പരിശോധനക്കായി മുംബൈ വിമാനത്താവളത്തിലേക്ക് തിരിച്ചു. 
സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.