• 14 Dec 2018
  • 04: 34 PM
Latest News arrow

ബിഷപ്പിനെതിരെ പഴുതടച്ച് കുറ്റപത്രം തയ്യാറാക്കാന്‍ ശ്രമമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: ബിഷപ്പിനെതിരെ പഴുതടച്ച് കുറ്റപത്രം  തയ്യാറാക്കാന്‍ ശ്രമമെന്ന് സാംസ്‌കാരിക മന്ത്രിയും നിയമ മന്ത്രിയുമായ എ.കെ ബാലന്‍ പറഞ്ഞു.രക്ഷപ്പെടാനുള്ള സാധ്യത ഒഴിവാക്കി പഴുതടച്ച കുറ്റപത്രം തയാറാക്കിയതിനു ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അക്കാരണത്താലാണ് അറസ്റ്റ് വൈകിയത്. സര്‍ക്കാറിന്റെ നടപടിയാണ് ശരി. കുറ്റപത്രം കോടതിയില്‍ നിലനില്‍ക്കും. ദിലീപിന്റെ കാര്യത്തിലും ഇതു തന്നെയാണ് ചെയ്തത്. പ്രതികള്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തണമെന്നും എ.കെ ബാലന്‍ പറഞ്ഞു.

അതേസമയം  രാജ്യാന്തര ചലച്ചിത്ര മേള ഈ വര്‍ഷം നടത്തുന്ന കാര്യം മുഖ്യമന്ത്രി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര മേള നടത്തണമെന്ന് എല്ലാ ഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്‌കാരിക വകുപ്പ് ചെലവ് ചുരുക്കി ചലച്ചിത്ര മേള നടത്തുന്നതിനെപ്പറ്റിയുള്ള സാധ്യതകള്‍ തേടിയത്.

ആര്‍ഭാടം കുറച്ച്‌ ചെലവ് ചുരുക്കി മേള നടത്തുന്നതിന്റെ മാര്‍ഗരേഖ ചലച്ചിത്ര അക്കാഡമി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വര്‍ഷം ചലച്ചിത്ര മേള ഒഴിവാക്കാന്‍ മുഖ്യമന്ത്രി നേരത്തെ തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കുകയും ചെയ്തു.എന്നാല്‍ ചലച്ചിത്ര മേള ചെലവ് ചുരുക്കിയെങ്കിലും നടത്തണമെന്ന് കൊറിയന്‍  സംവിധായകന്‍ കിംകി ഡൂക്ക് ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ചലച്ചിത്ര പ്രവര്‍ത്തകരുടെയും മറ്റും ആവശ്യമുയര്‍ന്നതോടെയാണ് തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.